ദോഹ: ഖത്തറിന്‍റെ തലസ്ഥാനമായ ദോഹയില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ഹമാസിന്‍റെ മുതിര്‍ന്ന നേതാക്കളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേലിന്‍റെ വിശദീകരണം.
സാധാരണക്കാര്‍ക്ക് അപകടമൊഴിവാക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ച ശേഷമാണ് കൃത്യമായ ലക്ഷ്യങ്ങളില്‍ ആക്രമണം നടത്തിയതെന്നാണ് അവകാശവാദം. ദോഹയില്‍ ചര്‍ച്ചയ്ക്കു വന്ന ഹമാസിന്‍റെ പ്രതിനിധി സംഘമായിരുന്നു ലക്ഷ്യം.
അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇസ്രയേല്‍ നടത്തിയിരിക്കുന്നതെന്ന് ഖത്തര്‍ പ്രതികരിച്ചു. ദോഹയില്‍ ഹമാസിന്‍റെ രാഷ്ട്രീയ നേതൃത്വം തങ്ങിയ കെട്ടിടത്തെ ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്നും ഖത്തര്‍ സ്ഥിരീകരിച്ചു.
ഗാസയിലെ ഇസ്രയേല്‍ ആക്രമണം അവസാനിപ്പിച്ച് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനുള്ള മധ്യസ്ഥ ചര്‍ച്ചയാണ് ദോഹയില്‍ നടക്കുന്നത്. ഇതില്‍ പങ്കെടുക്കാനാണ് ഹമാസ് നേതാക്കള്‍ ഇവിടെയെത്തിയത്. ഇസ്രയേല്‍ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ മധ്യസ്ഥ ശ്രമങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് ഖത്തര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഖത്തറിന്‍റെ സുരക്ഷയെയും പരമാധികാരത്തെയും വെല്ലുവിളിക്കുന്നതും, പ്രാദേശിക ജനതയെ അപകടത്തിലാക്കുന്നതുമാണ് ഇസ്രയേലിന്‍റെ നടപടിയെന്നും ഖത്തര്‍.
അതേസമയം, ദോഹയിലുണ്ടായിരുന്ന ഹമാസ് നേതാക്കള്‍ വര്‍ഷങ്ങളായി ഭീകര പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിവരുന്നവരാണെന്നും, ഒക്റ്റോബര്‍ ഏഴിലെ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളാണെന്നും ഇസ്രയേല്‍ ആരോപിച്ചു. ഖത്തറില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ ഇറാനും അപലപിച്ചു.

Comments: